09:47pm 07 November 2026
NEWS
കണ്ണൂർ ലോബിയെ വെട്ടിനിരത്തി സിഐടിയു; എം.വി. ജയരാജനെ ജനറൽ സെക്രട്ടറിയാക്കാനുള്ള നീക്കത്തിന് തിരിച്ചടി
07/11/2026  03:33 PM IST
nila
കണ്ണൂർ ലോബിയെ വെട്ടിനിരത്തി സിഐടിയു; എം.വി. ജയരാജനെ ജനറൽ സെക്രട്ടറിയാക്കാനുള്ള നീക്കത്തിന് തിരിച്ചടി

 

കോട്ടയം: സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.വി. ജയരാജനെ കൊണ്ടുവരാനുള്ള കണ്ണൂർ ലോബിയുടെ നീക്കത്തിന് തിരിച്ചടി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രൻ പുതിയ ജനറൽ സെക്രട്ടറിയാകും. കണ്ണൂർ കേന്ദ്രീകരിച്ചുള്ള ആധിപത്യം പാർട്ടിയിലും തൊഴിലാളി സംഘടനയിലും വേണ്ടെന്ന നിലപാടാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

സിപിഎം–സിഐടിയു ഫ്രാക്ഷൻ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തന്നെ ജനറൽ സെക്രട്ടറിയാകണമെന്ന സിപിഎമ്മിന്റെ നിർദേശവും തീരുമാനത്തിൽ നിർണായകമായി. എളമരം കരീമാണ് കെ.കെ. ജയചന്ദ്രന്റെ പേര് നിർദേശിച്ചത്. വി. ശിവൻകുട്ടി ട്രഷററാകും. ടി.പി. രാമകൃഷ്ണൻ പ്രസിഡന്റായി തുടരും.

സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയത്ത് പ്രതിനിധി സമ്മേളനം ആരംഭിച്ചു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് തപൻ സെൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

അതേസമയം, എളമരം കരീം അവതരിപ്പിച്ച റിപ്പോർട്ടിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണുള്ളത്. തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനോ അവരുടെ ആവശ്യങ്ങൾക്ക് അർഹമായ പരിഗണന നൽകുന്നതിനോ സർക്കാർ തയ്യാറായില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന വിമർശനം.

തൊഴിലാളികൾക്ക് ന്യായമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തി. ഇടതുസർക്കാരിൽ നിന്ന് തൊഴിലാളിവർഗം പ്രതീക്ഷിച്ച ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ലെന്നും ക്ഷേമനിധി ആനുകൂല്യങ്ങൾ നൽകുന്നതിൽ പോലും വീഴ്ചയുണ്ടായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

തൊഴിലാളി വിഭാഗത്തെ അവഗണിച്ചതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമായതെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. സർക്കാരിന്റെ തൊഴിലാളി നയത്തിനെതിരായ സംഘടനയുടെ വിമർശനം സമ്മേളനത്തിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img